ഇടുക്കി: മറയൂരിൽ ജനവാസമേഖലയെ വിറപ്പിച്ചു കാട്ടുപോത്തിന്‍റെ വിളയാട്ടം. ഒാടിയ വഴിയിൽ കണ്ണിൽ കണ്ടതെല്ലാം തകർത്തായിരുന്നു പോത്തിന്‍റെ പരാക്രമം. പഞ്ചായത്ത് ഒാഫീസിനുള്ളിലും ഹോട്ടലിലും കയറി ഫർണിച്ചറുകളും മറ്റും തകർത്തു.
ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പോത്തിന്‍റെ മുന്നിൽ പെടാതിരിക്കാൻ ജനം പലവഴി ഒാടി.
മറയൂർ പഞ്ചായത്ത് ഓഫീസിനുള്ളിലാണ് കാട്ടുപോത്ത് കയറിയത്. ഓഫീസിലെ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പലരും മേശപ്പുറത്തും തട്ടിൻപുറത്തും കയറിയാണ് ജീവൻ രക്ഷപ്പെടുത്തിയത്.
ഏറെ നേരം ഓഫീസിനുള്ളിൽ കുടുങ്ങിക്കിടന്ന പോത്തിനെ വനംവകുപ്പും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തിറക്കിയത്. തുടർന്നു സമീപത്തെ ഹോട്ടലിലും കയറിയ പോത്ത് അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും ഫർണിച്ചറുകളും തകർത്തു.
ഇതിനിടെ, കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കുമുട്ടാംകുഴി ആദിവാസി കോളനിയിലെ കാമാക്ഷി, സെൽവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.